Friday, May 28, 2010

കാറ്റാടി മേട്ടിലെ ഒഴിവു ദിനങ്ങള്‍

പിന്മുറ്റത്തെ കാറ്റാടി മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ കാറ്റ് ചൂളം വിളിച്ചു.പുറത്തു തൊഴുത്തില്‍ പശുക്കള്‍ അക്ഷമയോടെ കുളമ്പ് മാറ്റി ചവിട്ടുന്ന ശബ്ദം.

ജനാലയിലൂടെ മങ്ങിയ പുലര്‍വെളിച്ചം മുഖത്ത് വീണപ്പോള്‍ ചുവരിലേക്ക് തിരിഞ്ഞു, കമ്പിളി തല വഴി മൂടി ഒരു കിടപ്പ് കിടന്നു റോയി.എന്തൊരു തണുപ്പ്!

"എടാ റോയീ, എണീക്കെടാ...."- അച്ചുപ്പാപ്പയാണ് (അച്ചന്‍ കുഞ്ഞുപ്പാപ്പനെ റോയി അങ്ങനെ ആണ് വിളിക്കുന്നത്‌)

"എടാ, നീ കണ്ടത്തി കുരുക്ക് വെച്ചത് നോക്കിയോ?"

"അയ്യോ, മറന്നു പോയി"
തേയിലക്കുന്നുകളുടെ താഴ്വാരം ചതുപ്പാണ്‌.കയ്പ്പന്‍ ചെടിയും കൊങ്ങിണിയും പടര്‍ന്നു വളരുന്ന, ചെളി നിറഞ്ഞ ചതുപ്പ്.സമീപവാസികളെല്ലാം കന്നുകാലികളെ മേയാന്‍ വിടുന്നത് അവിടെയാണ്.കുറ്റിക്കാടുകള്‍ക്കിടയില്‍ ധാരാളം മുയല്‍ മാളങ്ങളും ഉണ്ട്.കാട്ടു മുയലുകളെ കുരുക്ക് വച്ച് പിടിക്കാന്‍ പ്രത്യേക കഴിവ് തന്നെ ഉണ്ട് അച്ചുപ്പാപ്പക്ക്. ഇന്നലെ റോയിയും ചേര്‍ന്നാണ് കുരുക്ക് വച്ചത് (ചതുപ്പിനു കുറുകെ നൂല്‍ക്കമ്പി വലിച്ചു കെട്ടി, കൊച്ചു കൊച്ചു കുരുക്കുകള്‍ തൂക്കിയിട്ടാണ് കെണി വയ്ക്കുന്നത്. ചെറു ജീവികള്‍ ഏതെങ്കിലും കുരുക്കിനുള്ളിലൂടെ കടന്നാല്‍ പെട്ടത് തന്നെ).


പുതപ്പു വലിച്ചെറിഞ്ഞു, ചാടി എണീറ്റ്‌ ചതുപ്പിലേക്ക് കുതിച്ചു.

സ്കൂള്‍ അടച്ചപ്പോള്‍ മുതല്‍ നോക്കിയിരിക്കുന്നതാണ് അച്ചുപ്പാപ്പയെ.അവധിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട സങ്കേതം അച്ചുപ്പാപ്പയുടെ വീടാണ്.കങ്കാണി തെരുവില്‍ നിന്ന് പത്തു മുപ്പതു മൈലകലെയുള്ള തേയില തോട്ടത്തില്‍ തൊഴിലാളികള്‍ക്കായി പണിത പഴയ ഗൃഹങ്ങളില്‍ ഒന്നിലാണ് അച്ചുപ്പാപ്പ താമസിക്കുന്നത്.ഉയരം കൂടിയ കരിങ്കല്‍ ചുവരുകള്‍.ഓടിട്ട മേല്‍ക്കൂരയ്ക്കുള്ളില്‍ വീതി കുറഞ്ഞ തടിപ്പലകകള്‍ കൊണ്ട് മച്ച്, തണുപ്പിനെ അതിജീവിക്കാന്‍ .നാലായി വിഭജിച്ച, ചില്ലിട്ട വലിയ ജനാലകള്‍.

മഞ്ഞു മൂടിയ പ്രഭാതങ്ങള്‍.ചുറ്റുമുള്ള പച്ചക്കുന്നുകള്‍ മൂടല്‍ മഞ്ഞിന്റെ പുതപ്പു മാറ്റാന്‍ വെയിലിന്റെ കട്ടി കൂടുന്നത് വരെ കാത്തിരിക്കണം.രണ്ടു കുന്നുകള്‍ക്കു അപ്പുറം തെയിലപ്പുരയില്‍ നിന്ന് എപ്പോളും മോട്ടോറിന്റെ ശബ്ദം;അരയുന്ന തേയിലയുടെ സുഗന്ധവും.രാത്രിയും യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.അകലെ എവിടെയോ ഒരു വണ്ട്‌ മുരണ്ടു കൊണ്ടിരിക്കുന്ന പോലെ.ഏപ്രില്‍ ,മെയ്‌ മാസങ്ങളില്‍ പകലുകള്‍ തെളിഞ്ഞതായിരിക്കും;തീക്ഷ്ണവും.ഉച്ച തിരിഞ്ഞു നാല് മണിയോടെ തണുപ്പ് വീണു തുടങ്ങും.രാത്രി മരം കോച്ചുന്ന തണുപ്പാണ്.

തെയിലപ്പുരയില്‍ ജോലി ചെയ്യുന്നതോടൊപ്പം കാലി വളര്‍ത്തലും ഉണ്ട് അച്ചുപ്പാപ്പക്ക്.വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല.കുട്ടികളായിട്ടില്ല.മേരി അമ്മായിയും ഉപ്പാപ്പനെ പോലെ തന്നെ അധ്വാനിക്കും .സമീപത്തുള്ള തൊഴിലാളി സ്ത്രീകളുടെയും കുട്ടികളുടെയും തയ്യല്‍ ജോലികളെല്ലാം അമ്മായിക്കാണ്.കാലികളെ കുളിപ്പിക്കലും,തൊഴുതു വൃത്തിയാക്കലും, കറവയും ഒക്കെയായി എപ്പോഴും തിരക്ക് തന്നെ.പത്തു പന്ത്രണ്ടു പശുക്കള്‍; അവയുടെ കിടാങ്ങളും.

ചുറ്റുമുള്ള ഇത്തിരി തൊടിയില്‍ ഏത്ത വാഴയും ഞാലിപ്പൂവനും, പാളയംകൊടനും.പിന്നെ കത്തിരി, വഴുതന, കോവല്‍,അച്ചിങ്ങ പയര്‍; എല്ലാം ഇത്തിരി സ്ഥലത്ത് വിളയുന്നു.തടി കൊണ്ടുള്ള ഗേറ്റിന്റെ വലതു വശത്ത് ഒരു വലിയ പേര മരം.അതിന്റെ ഒരു ചില്ല വളപ്പിനു പുറത്തേയ്ക്ക് ചാഞ്ഞിട്ടാണ്.റോയിയുടെ അവധി ദിവസങ്ങളുടെ നല്ലൊരു ഭാഗം അതിന്റെ മുകളിലാണ്.കടും റോസ് നിറത്തില്‍ കാമ്പുള്ള നല്ല മധുരമുള്ള പേരക്ക. എത്ര തിന്നാലും മതി വരില്ല.കൊങ്ങിണി ചെടികള്‍ കൊണ്ടാണ് വേലി.മഞ്ഞയും തീ നിറവുമുള്ള കൊങ്ങിണി പൂക്കള്‍ നിറഞ്ഞ വേലി ഒരു കാഴ്ച തന്നെയാണ്.

രാവിലെ കറവ കഴിഞ്ഞാല്‍ പശുക്കളെ ചതുപ്പിലെയ്ക്ക് അഴിച്ചു വിടും.ഉച്ച തിരിഞ്ഞു നാല് മണിയോടെ അടുത്ത കറവ.കിടാങ്ങളെ അമ്മപ്പശുക്കള്‍ക്കൊപ്പം അഴിച്ചു വിടില്ല.കാരണം അകിട് നിറയുന്ന പാല്‍ അവര്‍ അപ്പപ്പോള്‍ അകത്താക്കിക്കളയും! . മാത്രമല്ല, കിടാങ്ങള്‍ കൂടെയില്ലെങ്കില്‍ കറവയുടെ സമയമാകുമ്പോള്‍ അകിട് നിറയുന്ന പശുക്കള്‍ തനിയെ തിരിച്ചെത്തിക്കൊള്ളും.

" റോയീ, എങ്ങോട്ടാടാ ??"
അപ്പുറത്തെ ലോപ്പസേട്ടന്‍ .അച്ചുപ്പാപ്പയുടെ ചങ്ങാതി.തെയിലപ്പുരയിലെ ട്രക്ക് ഓടിക്കുന്ന പണിയാണ് മൂപ്പര്‍ക്ക്.നുള്ളിയെടുക്കുന്ന കൊളുന്ത് വലിയ വലച്ചാക്കുകളില്‍ കെട്ടി ട്രക്കുകളിലാണ് തേയിലപ്പുരയില്‍ എത്തിക്കുന്നത്.തേയിലക്കുന്നുകളെ ചുറ്റി പെരുമ്പാമ്പ്‌ പോലെ പോകുന്ന അപകടം നിറഞ്ഞ വഴികളിലൂടെ തേയിലച്ചാക്കുകള്‍ നിറച്ച ട്രക്ക് ഓടിക്കുന്നതില്‍ ഒരു വിദഗ്ധന്‍ തന്നെയാണ് ലോപ്പസേട്ടന്‍ .
(അച്ചുപ്പാപ്പയും ലോപ്പസേട്ടനും ചേര്‍ന്ന് നല്ല ചാരായം വാറ്റാറുണ്ട്‌,രഹസ്യമായി-സ്വന്തം ആവശ്യത്തിനു മാത്രം)

"ഇന്നലെ കുരുക്ക് വച്ചിട്ടൊണ്ട്.നോക്കാന്‍ പോവ്വാ"-ഓടുന്ന വഴിക്ക് വിളിച്ചു പറഞ്ഞു റോയി.

"....കിട്ടിയാ പറയണേ.."

നേരം പുലരുന്നതെയുള്ളൂ.തേയില ചെടികള്‍ക്കിടയിലൂടെ ചതുപ്പിലെയ്ക്കുള്ള വഴി മഞ്ഞു വീണു നനഞ്ഞു കിടക്കുന്നു.നനവുള്ള,ചാണകം മണക്കുന്ന അന്തരീക്ഷം.ചതുപ്പിനപ്പുറം കുന്നിന്‍ ചെരുവിലെ ലയങ്ങളുടെ പുകക്കുഴലുകളില്‍ നിന്ന് വെളുത്ത പുക വായുവില്‍ അലിയുന്നു.

തെയിലച്ചെടികളെയും ചതുപ്പിനെയും വേര്‍തിരിക്കുന്ന മുള്‍വേലി നൂണ്ടു കടന്നു.
മുട്ടൊപ്പം ചെളി. ചെരിപ്പൂരി പിടിച്ചു ചെളി കടന്നു.ആകാംഷ കൊണ്ട് ഹൃദയം വേഗത്തില്‍ മിടിച്ചു.
എവിടെ? വച്ചിരുന്ന കുരുക്ക് അപ്രത്യക്ഷമായിരിക്കുന്നു! റോയിയുടെ ഹൃദയമിടിഞ്ഞു.

വലിച്ചു കെട്ടിയിരുന്ന കുറ്റിച്ചെടികളുടെ ചുവടു നോക്കി.വലിച്ചു പൊട്ടിച്ചതിന്റെ അടയാളം കാണാനില്ല.ചെറിയ നൂല്‍ക്കമ്പി ആയതു കൊണ്ട്, കാട്ടുപന്നിയെങ്ങാനും കുരുങ്ങിയാല്‍ വലിച്ചു പൊട്ടിച്ചു കൊണ്ട് പോകാന്‍ സാധ്യതയുണ്ട്.
ഇത് ആരോ അഴിച്ചു കൊണ്ടുപോയതാണ്.ഉറപ്പ്!.

തിരിച്ചു നടക്കുമ്പോള്‍ റോയിയുടെ ചിന്ത അതായിരുന്നു.ആരാണ് വളരെ രഹസ്യമായി വച്ച കെണി കണ്ടു പിടിച്ചത്?
രാത്രി തൊഴിലാളികളില്‍ ചിലര്‍ ഒറ്റക്കുഴല്‍ തോക്കുമായി വെടിക്ക് ഇറങ്ങാറുണ്ട്‌.അങ്ങനെ ആരെങ്കിലും യാദൃശ്ചികമായി കണ്ടു എടുത്തതാകുമോ?
തലേന്ന് ചതുപ്പിലെയ്ക്ക് ഇറങ്ങുമ്പോള്‍, വൈകി കന്നുകാലികളെ അടിക്കാന്‍ വന്ന അപ്പുറത്തെ തമിഴന്‍ ചെക്കനെ കണ്ടിരുന്നു.അവനെങ്ങാനുമാണോ?

തിരിച്ചു ലയം കടക്കുമ്പോള്‍ ലോപ്പസേട്ടനെ കണ്ടില്ല.മൂപ്പര്‍ നേരത്തെ പോകും തെയിലപ്പുരയിലെയ്ക്ക്.

വീട്ടിലെത്തിയപ്പോള്‍ അച്ചുപ്പാപ്പ പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു.തെയിലപ്പുരയില്‍ അറ്റകുറ്റപ്പണികളുടെ ചുമതലയാണ് ഉപ്പാപ്പന്.കാക്കി നിറമുള്ള ഒരു പാന്റും മങ്ങിയ ചാരനിറമുള്ള ഷര്‍ട്ടും.ഇതാണ് സ്ഥിരം വേഷം.കൈ തെറുത്തു മുട്ടിനു മുകളില്‍ കയറ്റി വയ്ക്കും.ഇരു നിറമാണ്.ആറടിയോളം പൊക്കം.ഉയര്‍ന്ന വലിയ നെറ്റി.നല്ല ഗാംഭീര്യമുള്ള വ്യക്തിത്വം.

മേരി അമ്മായി പശുക്കളെ എല്ലാം കറന്നു പാല്‍ രണ്ടു വലിയ ക്യാനുകളില്‍ ആക്കി തിണ്ണയില്‍ എടുത്തു വെച്ചു.പോകുന്ന വഴിയിലാണ് പാല്‍ സംഭരണ കേന്ദ്രം.

"ഒന്നും കിട്ടിയില്ലേടാ?"

"കുരുക്ക് ആരാണ്ടാഴിച്ചോണ്ട് പോയി"
"ആഹാ....അത് ശരി..വല്ല പന്നീം പൊട്ടിച്ചോണ്ട് പോയതാണോ?"

"അല്ല, അഴിച്ചോണ്ട് പോയേക്കുവാ"


"...പോട്ടെ...ഞാന്‍ വൈകിട്ട് വന്നിട്ട് നോക്കാം"

"റോയീ, ചായയെടുത്തു വച്ചിട്ടുണ്ടേ...": അമ്മായി അകത്തു നിന്ന് വിളിച്ചു.