Wednesday, August 6, 2008

ഓര്‍മ്മയുടെ ഏടുകള്‍

പാല മരത്തിനും വയസ്സായിരിക്കുന്നു.തോലൊക്കെ വിണ്ടു കീറി ഒരു അപ്പൂപ്പന്‍ പരുവം.പക്ഷെ, ഇപ്പോളും തിങ്ങി നിറഞ്ഞു ഇലകളുണ്ട്.

തേയിലക്കുന്നുകളുടെ മീതെ ചുവന്നു തുടങ്ങിയ ആകാശത്തേയ്ക്ക് കണ്ണയച്ചു നിന്നു, റോയ്.വര്‍ഷങ്ങള്‍ക്കു മുമ്പെ പൂട്ടിയെങ്കിലും തേയിലപ്പുര ഇപ്പോളും അവിടെയുണ്ട്.പണ്ട് അതിനടുത്ത് കൂടി നടക്കാന്‍ ഇഷ്ടമായിരുന്നു.തേയില നിറച്ച ട്രക്കുകള്‍ ഇടയ്ക്കിടെ വളപ്പിലേയ്ക്ക് പോകുന്നത് കാണാം.അകത്തു മുരളുന്ന യന്ത്രങ്ങളുടെ ഒച്ചയും, കൊമ്പന്‍ മീശക്കാരന്‍ സെക്യൂരിറ്റി ഗാര്‍ഡും ഒക്കെ ചേര്‍ന്ന് ആകപ്പാടെ ഒരു കൌതുക ലോകം .മാത്രമല്ല, ഫര്‍ലോങ്ങുകള്‍ക്ക് ഇപ്പുറത്ത് എത്തും, പാതി അരഞ്ഞ തേയിലയുടെ സുഖകരമായ ഗന്ധം.ഒരു നല്ല ചായ കുടിച്ച ഉന്മേഷം. പക്ഷെ അധിക നേരം ആസ്വദിച്ചാല്‍ മത്തു പിടിച്ച പോലെ തോന്നും.

രാവിലെ ഏഴ് മണി മുതല്‍, മുതുകില്‍ വലിയ കൂടകളും തൂക്കി പോകുന്ന പെണ്‍കൊടികളെ കാണാം, കൊളുന്തു നുള്ളാന്‍.തലയില്‍ വെള്ള തോര്‍ത്തുമുണ്ടുകള്‍ ഇട്ടു, പല നിറങ്ങളില്‍, നീളന്‍ കയ്യുള്ള കുപ്പായങ്ങള്‍ ധരിച്ചു, കലപില പറഞ്ഞു പോകുന്ന പെണ്ണുങ്ങള്‍ ഉത്സാഹം ഉണര്‍ത്തുന്ന ഒരു പ്രഭാതക്കാഴ്ച്ചയായിരുന്നു.പ്രായമായ സ്ത്രീകളാണ് അധികം, കൂട്ടത്തില്‍ ചെറുപ്പമായ പെണ്‍കൊടികള്‍ ആയിരുന്നു വായില്‍ നോട്ടം പഠിച്ച കാലത്തെ ഇരകള്‍. കൊളുന്തു നുള്ളി, കൊച്ചു പരദൂഷണങ്ങള്‍ പറഞ്ഞും ഇടയ്ക്ക് പൊട്ടിച്ചിരിച്ചും നിരയായി മുന്നേറുന്ന ഇവരെ നോട്ടമിട്ടു, മേല്‍നോട്ടക്കാരായി അയ്യാമാരും ഉണ്ടാകും;കുട്ടി നിക്കര്‍ ഇട്ട കുടവയറന്‍ തമിഴന്മാര്‍.

വെയില്‍ വീണു തുടങ്ങുമ്പോള്‍ തെയിലചെടികള്‍ക്ക് മരുന്ന് അടിക്കുന്ന പരിപാടി തുടങ്ങും.കീടനാശിനി പ്രയോഗം.മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറിന്റെ ശബ്ദം അങ്ങ് ദൂരെ കേള്‍ക്കാം.

തേയിലത്തോട്ടങ്ങളില്‍ അധികവും, തമിഴരാണ്‌ തൊഴിലാളികള്‍. പലരും തൊഴില്‍ അന്വേഷിച്ചു വന്നു, ഇവിടെ തന്നെ സ്ഥിര താമസമാക്കിയവര്‍.ചില്ലറ കുശുമ്പും കുന്നായ്മയുമായി അന്നന്നത്തെ വക സമ്പാദിച്ചു തൃപ്തിയടയുന്ന നിരക്ഷരരും നിഷ്കളങ്കരുമായ മനുഷ്യര്‍.

തേവന്‍, തമ്പി, ചില്ലാന്‍ ..... ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ചില കഥാപാത്രങ്ങളും ഉണ്ട്..

മൂവായിരം ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ പച്ച കുന്നുകളില്‍ സന്തോഷവും,സംതൃപ്തിയും,സമൃദ്ധിയും തെയിലക്കുരുന്നുകള്‍ക്കൊപ്പം വിളഞ്ഞിരുന്നു.

തേയില തോട്ടങ്ങള്‍ക്ക് ചേര്‍ന്ന് കിടക്കുന്ന പുറമ്പോക്ക് നിലങ്ങള്‍ ആണ് ഗ്രാമത്തിന്റെ അതിര്.കുറ്റിക്കാടുകള്‍ നിറഞ്ഞ ഈ ചെരിവുകളില്‍ ധാരാളം കാട്ടുമുയലുകള്‍ ഉണ്ടായിരുന്നു;പന്നികളും.ഇപ്പോള്‍ ഈ കാടുകളൊക്കെ കയ്യേറി നാട്ടുകാര്‍ കപ്പയും വാഴയും നട്ടിരിക്കുന്നു.പന്നികളും മുയലുകളും ഒക്കെ എന്ത് ചെയ്തോ ആവോ?

പുറമ്പോക്ക് നിലങ്ങള്‍ക്ക്‌ ഇപ്പുറം സ്വകാര്യ സ്ഥലങ്ങളാണ്.കാപ്പിയും, കുരുമുളകും ഒക്കെ ആണ് കൃഷികള്‍.പെരിയാറിനു കുറുകെ പാലം കടന്നു എത്തിയാല്‍ കങ്കാണിത്തെരുവായി.ഓട് മേഞ്ഞ പഴയ പീടികകളുടെ സ്ഥാനത്ത് ഇരുനില കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.അന്തോനിച്ചന്റെ മുറുക്കാന്‍ കട ഇരുന്നിടത്ത്(മുറുക്കാന്‍ കട എന്ന മേല്‍വിലാസത്തില്‍ അത്യാവശ്യക്കാര്‍ക്ക് നല്ല നാടന്‍ ചാരായം വിതരണവും ഉണ്ടായിരുന്നു-പോലീസുകാരുമായി ഒത്തുള്ള ഒരു ഏര്‍പ്പാട്) സ്ഥലത്തെ പുത്തന്‍ പണക്കാരന്‍ ഭാസിയുടെ ഹോട്ടല്‍.മുകളിലത്തെ നിലയിലാണ് ഭാസിയും കുടുംബവും താമസിക്കുന്നത്(ഭാസിയും ഭാര്യ കമലമ്മയും രണ്ടു പിള്ളേരും-എല്ലാം കൂടി വരുന്നത് കണ്ടാല്‍ നാല് ഫുട്ബോളുകള്‍ നടന്നു വരുന്നതു പോലിരിക്കും).

നാലും മൂന്നും ഏഴു പീടികകളെ ഉള്ളെങ്കിലും, "എങ്ങോട്ടാ?" എന്ന് ഇന്നാട്ടുകാരില്‍ ആരോട് ചോദിച്ചാലും "ചുമ്മാ സിറ്റി വരെ" എന്നേ മറുപടി കിട്ടൂ.അങ്ങേയറ്റം ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്.ചേര്‍ന്നൊരു വോളി ബോള്‍ മൈതാനവും.ഈ കളി ആദ്യ കാലങ്ങളില്‍ ഒരു ഹരമായിരുന്നു. വലിയ പള്ളിപ്പെരുന്നാളിനു ക്രിസ്ത്യാനികള്‍ കൊച്ചു പിച്ചടക്കം മെഴുക് തിരികള്‍ ഏന്തി ഈ തെരുവിലൂടെ പ്രദക്ഷിണമായി പോകും.ആശംസ സൂചകമായി പീടികകളെല്ലാം അലങ്കരിച്ചിരിക്കും. ഈ പറഞ്ഞ പരിപാടിക്ക് പങ്കു പറ്റില്ലെങ്കിലും, കൃത്യ സമയത്ത് ജെയിംസ് ചേട്ടന്റെ പാരഡൈസ്‌ കൂള്‍ ബാറിന്റെ തിണ്ണയില്‍ ഹാജര്‍ കൊടുക്കും;ലക്‌ഷ്യം രണ്ടാണ്-പ്രദക്ഷിണം ആസ്വദിക്കാം;കൂട്ടത്തില്‍ കണ്ടാല്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ ഉണ്ടാകും,കണ്ണ് എറിഞ്ഞു നില്‍ക്കുന്നത് ഒരു രസമാണ്.

തേയില തോട്ടങ്ങളിലെ തമിഴരെ കഴിഞ്ഞാല്‍, അധികമുള്ളത് നാട്ടിന്‍പുറത്ത് നിന്നും ആറേഴു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കാട് വെട്ടിത്തെളിച്ചു കുടിയേറിയ പുരാതന ക്രിസ്ത്യന്‍ തറവാടുകളും അവരുടെ പിന്മുറക്കാരുമാണ്.റോയിയുടെ കുടുംബവും അങ്ങനെ കുടിയേറിയതില്‍ പെട്ടതാണ്.വല്യമ്മച്ചി(അപ്പന്റെ അമ്മ) മരിക്കുന്നതിനു മുന്‍പ്, വിളിച്ചിരുത്തി ഈ കുടിയേറ്റ കാലത്തെ വീരസാഹസ കഥകള്‍ പറയുമായിരുന്നു-വല്യപ്പച്ചന്‍ പന്നിയെ തോക്കില്ലാതെ വേട്ടയാടിയതും,നാട്ടുപ്രമാണിയായി വിലസിയിരുന്ന കാലവും ഒക്കെ-കുട്ടിക്കാലത്ത് ഈ കഥകള്‍ കണ്ണ് മിഴിച്ചിരുന്നു കേള്‍ക്കുമായിരുന്നു. ഇന്ന് ഈ തറവാടുകളില്‍ അധികവും നശിച്ചു പോയിരിക്കുന്നു.ചിലര്‍ വിറ്റു പെറുക്കി,കൂടുതല്‍ സൌകര്യങ്ങള്‍ തേടി നഗരങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു.കുറഞ്ഞ തോതില്‍ ആണെങ്കിലും പഴയ മഹിമ നിലനിര്‍ത്തുന്ന അപൂര്‍വ്വം തറവാടുകളും ഉണ്ട്.

വെളിച്ചം നേര്‍ത്തു വന്നു.തണുത്ത കാറ്റില്‍ പാല മരം ചെറുതായി ഇളകി.സുഖമുള്ള തണുപ്പ്.മഞ്ഞിന്റെ വെളുത്ത പുതപ്പു കുന്നുകളെ മൂടിത്തുടങ്ങുന്നു.അവിടെത്തന്നെ ഇരിക്കാനാണ് തോന്നിയത്.കനത്തു വരുന്ന കോടക്കുള്ളില്‍ മറയുന്ന കുന്നുകളിലേക്ക്‌, ഹൃദയം ചുറുചുറുക്കുള്ള ഒരു കുട്ടിയായി കുതിക്കുന്നു..