Sunday, March 15, 2009

ഇഷ്ടങ്ങള്‍

പാതിയില്‍ മുറിഞ്ഞ ഒരു സ്വപ്നത്തിന്റെ
കാണാപ്പകുതിയെ സങ്കല്‍പ്പിക്കുന്നത്
എനിക്കിഷ്ടമാണ്

വഴികളുടെ ആധിക്യത്തില്‍
കുഴങ്ങി നില്‍ക്കുന്നതും,
കളഞ്ഞു പോയ എന്റെ പഴയ കളിക്കോപ്പുകള്‍ തേടി
ഒരു നാടോടിയെപ്പോലെ അലഞ്ഞു നടക്കുന്നതും,
മഴ നനയുന്നതും,
നനഞ്ഞ ചതുപ്പിലൂടെ പുതഞ്ഞു ഓടുന്നതുംAlign Center
എനിക്കിഷ്ടമാണ്.

വേനലില്‍ കരിഞ്ഞ മലമേടുകളിലൂടെ,
കാട്ടുതീ ഒരു ഭ്രാന്തിയെപ്പോലെ ഓടുന്നത് കാണാന്‍
എനിക്കിഷ്ടമാണ്.

വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങള്‍ ഇട്ടെറിഞ്ഞു
സമാധാനം തേടി മനുഷ്യര്‍
വെട്ടിയെറിഞ്ഞ മരങ്ങളുടെ ചുവടു തേടുന്നത്‌ കാണാന്‍
എനിക്കിഷ്ടമാണ്.

എനിക്കിഷ്ടമാണ് എല്ലാം.

ഇരുളിന്റെ അതിരുകള്‍ക്കുള്ളില്‍ പതുങ്ങുന്ന നിഴലുകള്‍
പ്രകാശ രശ്മികളില്‍ വിളറുന്നതും,
ചൈതന്യത്തിന്റെ കണ്ണുകള്‍ക്ക്‌ താഴെ
കറുപ്പ് വീഴുന്നതും,
കഴുത്ത് ഞെക്കി കൊന്ന പാട്ടിന്റെ ഈണം കാതോര്‍ത്തു,
സംഗീതജ്ഞര്‍ വീര്‍പ്പു മുട്ടുന്നതും,
ഒക്കെ എനിക്കിഷ്ടമാണ്.

രാത്രി വളരെച്ചെന്നാലും,
ഞരങ്ങുന്ന ഫാനിന്റെ ചുവട്ടില്‍
തിരിഞ്ഞും മറിഞ്ഞും
ചിന്തകള്‍ വേവിക്കുന്ന സാധു ജീവികളെ
എനിക്കിഷ്ടമാണ്.

എന്റെ ഇഷ്ടങ്ങള്‍ നീണ്ടു പോകും-
നിമ്നോന്നതങ്ങളായ ചെരിവുകളിലൂടെ,
ഒഴിഞ്ഞു പോയ ശരത്കാലങ്ങളിലൂടെ,
വെയില്‍ വീഴാത്ത വന വീഥികളിലൂടെ,
കിളിക്കൂടുകളിലൂടെ,
ചാണകം മണക്കുന്ന നാട്ടുവഴികളിലൂടെ,
നിഷ്കളങ്കരായ മനുഷ്യര്‍ അവശേഷിക്കുന്ന
തെരുവുകളിലൂടെ അവ ചിതറിക്കിടക്കും.

പെറുക്കി എടുക്കില്ല ഞാന്‍.

അവ അങ്ങനെ ഞെരിഞ്ഞു കിടക്കുന്നതും
എനിക്കിഷ്ടമാണ്.