Monday, October 6, 2008

ഓര്‍മയുടെ ഏടുകള്‍ -2

" റോയി മോന്‍ എവിടെ പൂവാ..?"
റോയി...റോയി...റോയി...ചെമ്പോശ്ശില് പൂവാ...
ഉത്തരം വരുന്നതു വരെ കേട്ടുനില്‍ക്കാനുള്ള ക്ഷമ ചോദിക്കുന്ന ആള്‍ക്കുണ്ടാവില്ല.റോയ് പറഞ്ഞു വരുമ്പോള്‍ ആള്‍ ഒരു കിലോമീറ്റര്‍ അകലെ എത്തിയിട്ടുണ്ടാവും.
ചെമ്പകശ്ശേരി അപ്പച്ചന്റെ ബന്ധത്തിലുള്ള ഒരു പഴയ തറവാട്ടു വീടാണ്.രാവിലെ പാല് വാങ്ങാന്‍ റോയിയും ചേച്ചിയും കൂടിയാണ് പോകുന്നത്.റോയിയെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ ചേച്ചിയുടെ ഭാഗത്ത് നിന്നു പരമാവധി ശ്രമമുണ്ടാവും.കാരണം മറ്റൊന്നുമല്ല, പോകുന്ന വഴിക്കാണ് അന്തോനിച്ചന്റെ പീടിക.പീടികയുടെ മുന്നിലെത്തിയാല്‍ റോയ് ഡിമാന്റ് വെയ്ക്കും: "എനിക്ക് ഗാസുമുട്ടായി വേണം".വേറെ നിര്‍വാഹമില്ല, വാങ്ങിച്ചു കൊടുത്തെ മതിയാവൂ.ആദ്യം കുറച്ചു ചിണുങ്ങും..പിന്നെ നിലവിളിയാകും...ഒരു സാധ്യതയും ഇല്ലെന്നു തോന്നിയാല്‍ റോയ് പതിനെട്ടാമത്തെ അടവെടുക്കും: ഒറ്റക്കിടപ്പാണ് നടുറോഡില്‍...അതില്‍ ചേച്ചി വീഴുമെന്നു റോയിക്കറിയാം.കാരണം രാവിലെ പത്രം വായിക്കാനും കൊച്ചു വര്‍ത്തമാനംപറയാനും, കൂട്ടത്തില്‍ ഒരു സ്ട്രോങ്ങ്‌ കടുംകാപ്പി കുടിക്കാനുമായി കരുണന്‍ മെസ്തിരിയും,കയാളായി നിക്കണ കുരങ്ങു പോലിരിക്കുന്ന ആ ചെക്കനും ഒക്കെ അന്തോനിച്ചന്റെ കടയില്‍ ഉണ്ടാവും.ചൂടു കടുംകാപ്പി കുടിക്കുന്ന കൂടെ റോഡില്‍ നടക്കുന്ന ഈ നാടകം ഇവരൊക്കെ രസം പിടിച്ചു കാണുന്നുണ്ടാവും.നാണക്കേട്‌ വിചാരിച്ചു ചേച്ചി മേടിച്ചു കൊടുക്കുമെന്ന് റോയിക്കറിയാം.

"റോയി മോനേ...." തിണ്ണയില്‍ നിന്നും അപ്പച്ചന്റെ വിളി വന്നു.കയ്യിലിരുന്ന കടകോല്‍(തൈര് കടയാന്‍ തടി കൊണ്ടുണ്ടാക്കിയ ഒരു ഉപകരണം-നമ്മുടെ മിക്സിക്കുള്ളിലെ ബ്ലെടിന്റെ വല്യപ്പന്‍.വലിയ മങ്കലത്തില്‍ തൈര് നിറച്ചു, വട്ടത്തിലുള്ള ഒരു പലക കൊണ്ടു മൂടും.അതിന്റെ നടുവിലുള്ള ദ്വാരത്തിലൂടെ ഈ കടകോല്‍ ഇറക്കാം.കടകൊലിന്റെ മുകള്‍ ഭാഗത്ത് കയര്‍ ചുറ്റി മുന്നോട്ടും പിന്നോട്ടും തിരിക്കുമ്പോള്‍ ഉള്ളിലുള്ള തൈര് കടഞ്ഞു വെണ്ണ മുഴുവന്‍ മുകളില്‍ പൊന്തി വരും.പഴുത്ത പ്ലാവില കൊണ്ടു തടുത്തു കൂട്ടി വെണ്ണ മുഴുവന്‍ അമ്മ ഒരു ചരുവത്തില്‍ ആക്കും.പിന്നെ റോയിയുടെ ഊഴമാണ്; അല്‍പ്പം പുളിയുള്ള വെണ്ണ കുറച്ചു കടകൊളിലും പ്ലാവിലയിലും പറ്റി ഇരിപ്പുണ്ടാവും.അത് മുഴുവന്‍ നക്കി ക്ലീന്‍ ആക്കുന്ന പരിപാടി റോയിക്കുള്ളതാണ്.) ഒരു ഏറു വെച്ചുകൊടുത്ത്തിട്ടു മുറ്റത്തേക്ക്‌ കുതിച്ചു.

അപ്പച്ചന്‍ വലത്തേ കയ്യില്‍ തൂക്കി പിടിച്ചിരിക്കുന്ന വസ്തു സുക്ഷിച്ചു നോക്കി.
വര്‍ക്കിച്ചന്‍ ഒരു പുഞ്ചിരിയോടെ റോയിയെ വിളിച്ചു: നീയെന്നാടാ പേടിച്ചു നിക്കുന്നെ...ഇതിനെ ആ കൊളുത്ത്തെലോട്ടു തൂക്ക്." റോയ് മടിച്ചു നിന്നു. പിന്നെ അപ്പച്ചന്റെ അടുത്ത് ചെന്നു നോക്കി.മുയലല്ല.അതിനെക്കാള്‍ വലിപ്പമുണ്ട്‌.അതിന്റെ പള്ളയില്‍ വെടിയേറ്റ പാടില്‍ നിന്നു ചോര വാര്‍ന്നു വീഴുന്നുണ്ട്‌.
അപ്പച്ചന്റെ ചോദ്യം വന്നു: "റോയിമൊനെ, ഇതെന്നാന്നു മനസ്സിലായോ?"
"ഊഹും"
"ഇതാണ് മുള്ളന്‍" റോയ് സംശയത്തോടെ നോക്കി: "മുള്ളന്‍ പന്നി?"
"ഉം"...."നീയാ കത്ത്തിയെടുത്തോണ്ട് വാ "
വര്‍ക്കിച്ചന്റെ ഇഷ്ട പരിപാടികളില്‍ ഒന്നാണ് ഇതു. രാത്രി ഒറ്റക്കുഴല്‍ തോക്കുമായി വെടിക്കു പോക്ക്.കൊല്ലന്‍ നീലനെക്കൊണ്ട് രഹസ്യമായി ഉണ്ടാക്കിച്ചതാണു ആ കുഴല്‍.ലൈസന്‍സ് ഇല്ല.മുയല്‍ മുതല്‍ പന്നി വരെ ഉള്ള ചെറു ജീവികള്‍ക്കൊക്കെ ഇതു മതിയാകും. മിക്കവാറും ഒറ്റയ്ക്കാണ് പോകാറ്.ചുവന്ന നിറമുള്ള ഒരു ഹെഡ് ലൈറ്റ് തലയില്‍ ഫിറ്റ് ചെയ്യും-നെറ്റിയില്‍ വട്ടത്തില്‍ ഒരു കണ്ണ് മുളച്ചത് പോലിരിക്കും.തോളിലൂടെ കുറുകെ ഇട്ട തുണി സഞ്ചിക്കുള്ളിലാണ് അതിന്റെ ബാറ്ററി.സന്ചിക്കുള്ളില്‍ വേറെയും ചില കുണ്ടാമണ്ടി സാധനങ്ങള്‍ ഉണ്ട്.അതില്‍ റോയിക്ക് പ്രിയപ്പെട്ട ഒന്നാണ് ചിരട്ട കൊണ്ടുള്ള ആ കുടുക്ക.അതിലാണ് അപ്പച്ചന്‍ വെടിമരുന്നു സൂക്ഷിക്കുന്നത്.തേങ്ങ ഉണക്കി, അതിന്റെ കണ്ണ് തുളച്ചു ഉള്ളിലുള്ളതെല്ലാം കളഞ്ഞു ഉണ്ടാക്കിയെടുത്തതാണ് ആ കുടുക്ക.ചെറിയ ഒരു കോര്‍ക്ക് ഉപയോഗിച്ചു അടച്ചാണ് അതില്‍ വെടിമരുന്നു സൂക്ഷിക്കുന്നത്.പിന്നെ തോക്കിന്‍ കുഴലില്‍ മരുന്ന് നിറയ്ക്കാനുള്ള ഒരു നീളമുള്ള പച്ചിരുമ്പ് കമ്പി,വേടിച്ചില്ലുകള്‍-ഇത്രയുമാണ് സാധനങ്ങള്‍.
ചെരിപ്പിടാതെയാണ് വര്‍ക്കിച്ചന്‍ പോകുക.ചെരിപ്പിട്ടാല്‍ കാലൊച്ച കേട്ട് മൃഗങ്ങളൊക്കെ സ്ഥലം വിടുമത്രേ.റോയിയുടെ ചിരകാല അഭിലാഷമാണ് അപ്പന്റെകൂടെ ഒരു തവണ വെടിക്കു പോകണമെന്നത്‌.ഇതു വരെ പച്ചക്കൊടി കിട്ടിയിട്ടില്ല.
കത്തിയെടുത്തു വന്നപ്പോളെയ്ക്കുംഅപ്പച്ചന്‍ മുള്ളനെ ഇറയത്തെ ഇരുമ്പ് കൊളുത്തില്‍ തൂക്കിയിരുന്നു.പുറത്തെ മുള്ളുകളൊക്കെ വിടര്‍ന്നു, ആകപ്പാടെ ഭീഷ്മരെ ശരശയ്യയോടെ എടുത്തു തൂക്കിയിട്ട പോലുണ്ട്.വര്‍ക്കിച്ചന്‍ മുള്ള് കയ്യില്‍ കയറാതെ ശ്രദ്ധയോടെ അടര്‍ത്തി തുടങ്ങി.തവിട്ടും ചുവപ്പും ഇടകലര്‍ന്ന മുള്ളുകള്‍ കാണാന്‍ നല്ല ചന്തം...മഷി മുക്കി എഴുതാന്‍ കൊള്ളാമെന്നു തോന്നുന്നു.
"കത്തി എന്ത്യേടാ...?" മുള്ള് മുഴുവന്‍ പോയി മുള്ളന്‍ "അയ്യേ മാനക്കെടായല്ലോ" എന്ന മട്ടില്‍ കിടക്കുന്നു.കത്തി എടുത്തു കൊടുത്തു.കഴുത്തിന്റെ ഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അപ്പച്ചന്‍ തൊലി താഴെയ്ക്കുരിഞ്ഞു.ഇനി താഴെ ഇറക്കി ഉള്ളിലെ വേണ്ടാത്ത സാധനങ്ങളൊക്കെ നീക്കി ഏല്‍പ്പിച്ചാല്‍, ബാക്കി അമ്മ നോക്കിക്കൊള്ളും.
"അപ്പച്ചാ..ഞാന്‍ പോവാട്ടോ..."
ചേച്ചിയാണ്.സ്കൂളിലേക്കുള്ള പുറപ്പാടാണ്..
"ആ...ചോറ് എടുത്ത്തോടീ കൊച്ചെ..?"
"ആം" ഓട്ടത്തില്‍ തന്നെ മറുപടി വന്നു. "നിനക്കും പോകണ്ടേ റോയിമോനേ.."
റോയിക്ക് അഞ്ചു വയസ്സ് കഴിഞ്ഞു പക്ഷെ മേയ് മാസത്തില്‍ ജനിച്ചത്‌ കൊണ്ടു സ്കൂളില്‍ ചേര്‍ക്കുന്ന സമയത്തു
വയസ്സ് തികഞ്ഞില്ല.

"അടുത്ത കൊല്ലം ചേര്‍ത്താ മതി" എന്ന് പറഞ്ഞു ഹെട്മിസ്ട്രെസ്സ് റോസക്കുട്ടി ടീച്ചര്‍ റോയിയെയും അപ്പച്ചനെയും മടക്കി.മണിയടിക്കുന്ന ആ എമണ്ടന്‍ കൊട്ടുവടി എടുത്തു ആയമ്മയുടെ തലയ്ക്കിട്ടു ഡും എന്നൊന്ന് കൊടുക്കാനാണ് റോയിക്ക് തോന്നിയത്.അല്ല പിന്നെ...എത്ര ആശിച്ചാണ് ഒന്നാം തീയതി രാവിലെ അവിടെ ചെന്നത്.സ്കൂളില്‍ പോകുന്നു എന്നും പറഞ്ഞു ചേച്ചീടെ പത്രാസു എന്താ..
ഇനി രണ്ടു മാസം കൂടി കാത്തിരുന്നാ മതി.സ്കൂള്‍ അടയ്ക്കാറായി എന്ന് അമ്മ പറയുന്നതു കേട്ട്.അടച്ചു തുറന്നാല്‍ ഇത്തവണ ഗുണ്ട്മണി റോസക്കുട്ടി ടീച്ചര്‍ എന്ത് പറയും എന്നറിയാലോ...
"ചില്ലാന്‍ വന്നോടീ" അമ്മയോടാണ്."ഇല്ല...അവന് ഇന്നു താഴെവീട്ടില്‍ പണിയുണ്ടെന്നു..."അടുക്കളയില്‍ നിന്നു അമ്മയുടെ സ്വരം.
ചില്ലാന്‍ റോയിക്ക് പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് .കാരണം റോയിയുടെ കുരുത്തക്കേടിനൊക്കെകൂട്ട് നില്ക്കും.മണ്ട പോയ തെങ്ങിന്റെ മുകളില്‍ കയറി പൊത്തില്‍ നിന്നു മാടത്ത കുഞ്ഞിനെ പിടിച്ചു കൊടുക്കും.മുരിക്ക്‌ മരത്തിന്റെ തടി വെട്ടി നാല് ചക്രമുള്ള വണ്ടിയുണ്ടാക്കും.അങ്ങനെ പല പ്രയോജനങ്ങളുണ്ട്‌...

ചില്ലാന്‍ തമിഴനാണ്.ഇരുപതു ഇരുപത്തി രണ്ടു വയസു ഉണ്ടാവും.മോഹനന്‍ എന്നാണ് യഥാര്‍ഥ പേര്.വര്‍ക്കിച്ചന്റെ അനുജന്‍ അച്ചന്‍ കുഞ്ഞാണ് ഈ രസകരമായ പേരിന്റെ ഉപജ്ഞാതാവ്.ചില്ലാന്‍ കൂരി എന്ന പേരില്‍ ഒരു മീനുണ്ട്.ചില്ലാനെ കാണുമ്പോള്‍ അച്ചന്‍ കുഞ്ഞുപ്പാപ്പന് ഈ മത്സ്യത്തെ ഓര്‍മ്മ വരുമത്രേ. അപ്പനും അമ്മയ്ക്കും തേയില തോട്ടത്തില്‍ പണിയുള്ളതിനാല്‍, അവിടെത്തന്നെ ലയങ്ങളില്‍ ഒന്നിലാണ് താമസം.വര്‍ക്കിച്ചന്റെ കല്യാണത്തിന് മുന്‍പ് ഒപ്പം കൂടിയതാണ്.പിന്നെ തേയിലത്തോട്ടത്തില്‍ പണിക്കു പോയില്ല.വര്‍ക്കിച്ചന്റെ അടുത്തും തറവാട്ടിലും ഉള്ള പണികളൊക്കെ ചില്ലാന്റെ നേതൃത്വത്തിലാണ്.മെറൂണ്‍ നിറത്തില്‍ പഴുത്തുലഞ്ഞു കിടക്കുന്ന കാപ്പി ശിഖരങ്ങള്‍ക്കിടെ നിന്നും ഇടയ്ക്ക് ചില്ലാന്റെ പാട്ടു കേള്‍ക്കാം :

"ഇണ കുഹിലെ....ഇണ കുഹിലെ...ഇനിയെവിടെ...കുഹൂട് കൂട്ടും...ഇണ കുഹിലെ.."

സാക്ഷാല്‍ വിരഹ വേദനയിലിരിക്കുന്ന ഇണക്കുയില്‍ കൂടെ ആ പാട്ടു കേട്ടാല്‍ ചിരിച്ചു മണ്ണ് കപ്പും.


Wednesday, August 6, 2008

ഓര്‍മ്മയുടെ ഏടുകള്‍

പാല മരത്തിനും വയസ്സായിരിക്കുന്നു.തോലൊക്കെ വിണ്ടു കീറി ഒരു അപ്പൂപ്പന്‍ പരുവം.പക്ഷെ, ഇപ്പോളും തിങ്ങി നിറഞ്ഞു ഇലകളുണ്ട്.

തേയിലക്കുന്നുകളുടെ മീതെ ചുവന്നു തുടങ്ങിയ ആകാശത്തേയ്ക്ക് കണ്ണയച്ചു നിന്നു, റോയ്.വര്‍ഷങ്ങള്‍ക്കു മുമ്പെ പൂട്ടിയെങ്കിലും തേയിലപ്പുര ഇപ്പോളും അവിടെയുണ്ട്.പണ്ട് അതിനടുത്ത് കൂടി നടക്കാന്‍ ഇഷ്ടമായിരുന്നു.തേയില നിറച്ച ട്രക്കുകള്‍ ഇടയ്ക്കിടെ വളപ്പിലേയ്ക്ക് പോകുന്നത് കാണാം.അകത്തു മുരളുന്ന യന്ത്രങ്ങളുടെ ഒച്ചയും, കൊമ്പന്‍ മീശക്കാരന്‍ സെക്യൂരിറ്റി ഗാര്‍ഡും ഒക്കെ ചേര്‍ന്ന് ആകപ്പാടെ ഒരു കൌതുക ലോകം .മാത്രമല്ല, ഫര്‍ലോങ്ങുകള്‍ക്ക് ഇപ്പുറത്ത് എത്തും, പാതി അരഞ്ഞ തേയിലയുടെ സുഖകരമായ ഗന്ധം.ഒരു നല്ല ചായ കുടിച്ച ഉന്മേഷം. പക്ഷെ അധിക നേരം ആസ്വദിച്ചാല്‍ മത്തു പിടിച്ച പോലെ തോന്നും.

രാവിലെ ഏഴ് മണി മുതല്‍, മുതുകില്‍ വലിയ കൂടകളും തൂക്കി പോകുന്ന പെണ്‍കൊടികളെ കാണാം, കൊളുന്തു നുള്ളാന്‍.തലയില്‍ വെള്ള തോര്‍ത്തുമുണ്ടുകള്‍ ഇട്ടു, പല നിറങ്ങളില്‍, നീളന്‍ കയ്യുള്ള കുപ്പായങ്ങള്‍ ധരിച്ചു, കലപില പറഞ്ഞു പോകുന്ന പെണ്ണുങ്ങള്‍ ഉത്സാഹം ഉണര്‍ത്തുന്ന ഒരു പ്രഭാതക്കാഴ്ച്ചയായിരുന്നു.പ്രായമായ സ്ത്രീകളാണ് അധികം, കൂട്ടത്തില്‍ ചെറുപ്പമായ പെണ്‍കൊടികള്‍ ആയിരുന്നു വായില്‍ നോട്ടം പഠിച്ച കാലത്തെ ഇരകള്‍. കൊളുന്തു നുള്ളി, കൊച്ചു പരദൂഷണങ്ങള്‍ പറഞ്ഞും ഇടയ്ക്ക് പൊട്ടിച്ചിരിച്ചും നിരയായി മുന്നേറുന്ന ഇവരെ നോട്ടമിട്ടു, മേല്‍നോട്ടക്കാരായി അയ്യാമാരും ഉണ്ടാകും;കുട്ടി നിക്കര്‍ ഇട്ട കുടവയറന്‍ തമിഴന്മാര്‍.

വെയില്‍ വീണു തുടങ്ങുമ്പോള്‍ തെയിലചെടികള്‍ക്ക് മരുന്ന് അടിക്കുന്ന പരിപാടി തുടങ്ങും.കീടനാശിനി പ്രയോഗം.മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറിന്റെ ശബ്ദം അങ്ങ് ദൂരെ കേള്‍ക്കാം.

തേയിലത്തോട്ടങ്ങളില്‍ അധികവും, തമിഴരാണ്‌ തൊഴിലാളികള്‍. പലരും തൊഴില്‍ അന്വേഷിച്ചു വന്നു, ഇവിടെ തന്നെ സ്ഥിര താമസമാക്കിയവര്‍.ചില്ലറ കുശുമ്പും കുന്നായ്മയുമായി അന്നന്നത്തെ വക സമ്പാദിച്ചു തൃപ്തിയടയുന്ന നിരക്ഷരരും നിഷ്കളങ്കരുമായ മനുഷ്യര്‍.

തേവന്‍, തമ്പി, ചില്ലാന്‍ ..... ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ചില കഥാപാത്രങ്ങളും ഉണ്ട്..

മൂവായിരം ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ പച്ച കുന്നുകളില്‍ സന്തോഷവും,സംതൃപ്തിയും,സമൃദ്ധിയും തെയിലക്കുരുന്നുകള്‍ക്കൊപ്പം വിളഞ്ഞിരുന്നു.

തേയില തോട്ടങ്ങള്‍ക്ക് ചേര്‍ന്ന് കിടക്കുന്ന പുറമ്പോക്ക് നിലങ്ങള്‍ ആണ് ഗ്രാമത്തിന്റെ അതിര്.കുറ്റിക്കാടുകള്‍ നിറഞ്ഞ ഈ ചെരിവുകളില്‍ ധാരാളം കാട്ടുമുയലുകള്‍ ഉണ്ടായിരുന്നു;പന്നികളും.ഇപ്പോള്‍ ഈ കാടുകളൊക്കെ കയ്യേറി നാട്ടുകാര്‍ കപ്പയും വാഴയും നട്ടിരിക്കുന്നു.പന്നികളും മുയലുകളും ഒക്കെ എന്ത് ചെയ്തോ ആവോ?

പുറമ്പോക്ക് നിലങ്ങള്‍ക്ക്‌ ഇപ്പുറം സ്വകാര്യ സ്ഥലങ്ങളാണ്.കാപ്പിയും, കുരുമുളകും ഒക്കെ ആണ് കൃഷികള്‍.പെരിയാറിനു കുറുകെ പാലം കടന്നു എത്തിയാല്‍ കങ്കാണിത്തെരുവായി.ഓട് മേഞ്ഞ പഴയ പീടികകളുടെ സ്ഥാനത്ത് ഇരുനില കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.അന്തോനിച്ചന്റെ മുറുക്കാന്‍ കട ഇരുന്നിടത്ത്(മുറുക്കാന്‍ കട എന്ന മേല്‍വിലാസത്തില്‍ അത്യാവശ്യക്കാര്‍ക്ക് നല്ല നാടന്‍ ചാരായം വിതരണവും ഉണ്ടായിരുന്നു-പോലീസുകാരുമായി ഒത്തുള്ള ഒരു ഏര്‍പ്പാട്) സ്ഥലത്തെ പുത്തന്‍ പണക്കാരന്‍ ഭാസിയുടെ ഹോട്ടല്‍.മുകളിലത്തെ നിലയിലാണ് ഭാസിയും കുടുംബവും താമസിക്കുന്നത്(ഭാസിയും ഭാര്യ കമലമ്മയും രണ്ടു പിള്ളേരും-എല്ലാം കൂടി വരുന്നത് കണ്ടാല്‍ നാല് ഫുട്ബോളുകള്‍ നടന്നു വരുന്നതു പോലിരിക്കും).

നാലും മൂന്നും ഏഴു പീടികകളെ ഉള്ളെങ്കിലും, "എങ്ങോട്ടാ?" എന്ന് ഇന്നാട്ടുകാരില്‍ ആരോട് ചോദിച്ചാലും "ചുമ്മാ സിറ്റി വരെ" എന്നേ മറുപടി കിട്ടൂ.അങ്ങേയറ്റം ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്.ചേര്‍ന്നൊരു വോളി ബോള്‍ മൈതാനവും.ഈ കളി ആദ്യ കാലങ്ങളില്‍ ഒരു ഹരമായിരുന്നു. വലിയ പള്ളിപ്പെരുന്നാളിനു ക്രിസ്ത്യാനികള്‍ കൊച്ചു പിച്ചടക്കം മെഴുക് തിരികള്‍ ഏന്തി ഈ തെരുവിലൂടെ പ്രദക്ഷിണമായി പോകും.ആശംസ സൂചകമായി പീടികകളെല്ലാം അലങ്കരിച്ചിരിക്കും. ഈ പറഞ്ഞ പരിപാടിക്ക് പങ്കു പറ്റില്ലെങ്കിലും, കൃത്യ സമയത്ത് ജെയിംസ് ചേട്ടന്റെ പാരഡൈസ്‌ കൂള്‍ ബാറിന്റെ തിണ്ണയില്‍ ഹാജര്‍ കൊടുക്കും;ലക്‌ഷ്യം രണ്ടാണ്-പ്രദക്ഷിണം ആസ്വദിക്കാം;കൂട്ടത്തില്‍ കണ്ടാല്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ ഉണ്ടാകും,കണ്ണ് എറിഞ്ഞു നില്‍ക്കുന്നത് ഒരു രസമാണ്.

തേയില തോട്ടങ്ങളിലെ തമിഴരെ കഴിഞ്ഞാല്‍, അധികമുള്ളത് നാട്ടിന്‍പുറത്ത് നിന്നും ആറേഴു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കാട് വെട്ടിത്തെളിച്ചു കുടിയേറിയ പുരാതന ക്രിസ്ത്യന്‍ തറവാടുകളും അവരുടെ പിന്മുറക്കാരുമാണ്.റോയിയുടെ കുടുംബവും അങ്ങനെ കുടിയേറിയതില്‍ പെട്ടതാണ്.വല്യമ്മച്ചി(അപ്പന്റെ അമ്മ) മരിക്കുന്നതിനു മുന്‍പ്, വിളിച്ചിരുത്തി ഈ കുടിയേറ്റ കാലത്തെ വീരസാഹസ കഥകള്‍ പറയുമായിരുന്നു-വല്യപ്പച്ചന്‍ പന്നിയെ തോക്കില്ലാതെ വേട്ടയാടിയതും,നാട്ടുപ്രമാണിയായി വിലസിയിരുന്ന കാലവും ഒക്കെ-കുട്ടിക്കാലത്ത് ഈ കഥകള്‍ കണ്ണ് മിഴിച്ചിരുന്നു കേള്‍ക്കുമായിരുന്നു. ഇന്ന് ഈ തറവാടുകളില്‍ അധികവും നശിച്ചു പോയിരിക്കുന്നു.ചിലര്‍ വിറ്റു പെറുക്കി,കൂടുതല്‍ സൌകര്യങ്ങള്‍ തേടി നഗരങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു.കുറഞ്ഞ തോതില്‍ ആണെങ്കിലും പഴയ മഹിമ നിലനിര്‍ത്തുന്ന അപൂര്‍വ്വം തറവാടുകളും ഉണ്ട്.

വെളിച്ചം നേര്‍ത്തു വന്നു.തണുത്ത കാറ്റില്‍ പാല മരം ചെറുതായി ഇളകി.സുഖമുള്ള തണുപ്പ്.മഞ്ഞിന്റെ വെളുത്ത പുതപ്പു കുന്നുകളെ മൂടിത്തുടങ്ങുന്നു.അവിടെത്തന്നെ ഇരിക്കാനാണ് തോന്നിയത്.കനത്തു വരുന്ന കോടക്കുള്ളില്‍ മറയുന്ന കുന്നുകളിലേക്ക്‌, ഹൃദയം ചുറുചുറുക്കുള്ള ഒരു കുട്ടിയായി കുതിക്കുന്നു..


Wednesday, July 30, 2008

ഊഞ്ഞാല്‍

പുളിമരത്തിന്റെ ചോട്ടിലെ

നനഞ്ഞു പതിഞ്ഞ

കരിയിലപ്പരപ്പില്‍ കിടന്നു

ഊഞ്ഞാല്‍ കിനാവ് കണ്ടു -

പിരിഞ്ഞു പോയ

കൂട്ടുകാരൊക്കെ മടങ്ങി വരുമെന്ന്.

വീണ്ടും ആയത്തില്‍

ഒന്നു കുതിക്കാന്‍

പിന്‍വാങ്ങലിന്റെ ആന്തലില്‍

തിമിര്‍ക്കാന്‍

ദ്രവിച്ചു തുടങ്ങിയ

ഇഴകള്‍ വെമ്പി.

കര്‍ക്കിടകത്തിന്റെ

അവസാന തുള്ളിയും

കരിയിലകള്‍ക്കുള്ളില്‍

ഊര്‍ന്നു പോയപ്പോള്‍

ഇനിയും മറക്കാത്ത

ആ കാലൊച്ച കാതോര്‍ത്തു

അത് കിടന്നു

വാശിക്കുട്ടിയുടെ നിലവിളിയുടെ

അവസാന എങ്ങലുകള്‍ പോലെ

കാറ്റും കാര്‍ മേഘങ്ങളും

കടന്നു പോയി.

വേലിച്ചെടികളില്‍

പുതിയ പൂക്കള്‍ പൊടിക്കുകയും

പുളിമരത്തിന്റെ പച്ചപ്പിലൂടെ

ചിങ്ങം അരിച്ച് എത്തുകയും ചെയ്തപ്പോള്‍

ഊഞ്ഞാല്‍

ഓര്‍മകളില്‍ യാത്ര പോയി.

പ്രതീക്ഷയുടെ യാമങ്ങളില്‍

എപ്പോളോ മുറ്റത്തെ മണല്‍

ഞെരിയുന്നതും,

കുട്ടികളുടെ കലപിലയും കേട്ടപ്പോള്‍

ഊഞ്ഞാലിന്

അതിന്റെ ഹൃദയം

പൊട്ടിപ്പോകുമെന്നു തോന്നി

പുലര്‍ച്ചെ,

രാമന്‍ കോടാലിയുമായി വന്നു.

പുളിമരത്തിന്റെ

വെട്ടി വീണ ചില്ലകള്‍ക്ക് അടിയില്‍

ഊഞ്ഞാല്‍ ചുരുണ്ടു കിടന്നു.

ശരിയാണ്..

എന്തിനാണ്

കണ്ണായ സ്ഥലത്തു ഒരു

കായ്ക്കാത്ത പുളിമരം?

Sunday, July 27, 2008

സുഖം

നീളുന്ന വയല്‍വരമ്പിലൂടെ
ഒറ്റയ്ക്ക് നടക്കുന്നത്
സുഖം തന്നെ.
ഇളം കാറ്റില്‍ ഉലഞ്ഞു
ചക്രവാളത്തില്‍ അലിയും
കരിയിലക്കിളി ആകുന്നതും,
ആര്‍ക്കോ വെളിച്ചത്തിനായ്‌
എരിയുന്ന മെഴുക് തിരിയാകുന്നതും,
രാത്രി വയ്കിയും ഉറങ്ങാതെ
ചാറ്റമഴയോടൊപ്പം
പെയ്യുന്നതും-
സുഖം തന്നെ.

മുഖത്തിന്റെ ചൂടില്‍
ഉരുകാത്ത
ഈ മുഖം മൂടിയും,

ചെറു ചൂടാര്‍ന്നു
കവിളിലൂടെ ഉരുളുന്ന
ഈ മണികളും...
തൊണ്ടയില്‍ കൊരുത്ത
ഈണങ്ങളും...
മഞ്ഞിലൂടെ നടക്കുന്നതും
വഴിയില്‍
ഒരു പൂവ് പൊട്ടിക്കുന്നതും

തണ്ടിലെ മുള്ള് ഏറ്റു

വിരല്‍(ഹൃദയവും) മുറിയുന്നതും,

കൊടിയ ചൂടില്‍

പ്രതീക്ഷകള്‍ വിതയ്ക്കുന്നതും
കിതപ്പാറ്റി

ഒരു മാവിന്‍ തണലില്‍

കുയിലിനു കാതോര്‍ക്കുന്നതും,

ഏതോ ജാലകത്തിലൂടെ

പണ്ടു എന്‍ നേര്‍ക്ക് നീണ്ട

നോട്ടങ്ങളിലൂടെ യാത്ര പോകുന്നതും,

സ്വപ്നങ്ങളില്‍

ഹരിതാഭമായ കുന്നുകളിലൂടെ

അലഞ്ഞു നടക്കുന്നതും,

ഇല്ലായ്മയുടെ ശവങ്ങള്‍ ചവിട്ടി

തല ഉയര്‍ത്തുന്നതും,

വിഹായസ്സില്‍ ഒഴുകുന്നതും,

നിലയില്ലാ കയങ്ങളില്‍

താഴുന്നതും...

എല്ലാം

പുതിയ സുഖങ്ങള്‍ തന്നെ..

ദുഃഖം എന്താണെന്നു

എനിക്കറിയില്ല-

ഒരു പക്ഷെ,

എന്റെ കയ്യില്‍ നിന്നു

ഞാന്‍ അറിയാതെ

ചോര്‍ന്നു പോയ

ആ ഇത്തിരി ചൂടായിരിക്കാം.


Saturday, July 5, 2008

പരദേശി

ഇളം നീല നിറമുള്ള ചുവരുകള്‍

അയാളെ സംശയാലു ആക്കി..

അവയുടെ അതിരുകള്‍ക്കപ്പുറം

അദൃശ്യമായ ഒരു ലോകത്തിന്റെ

കഥകള്‍ മനസ്സില്‍ നെയ്തു

അയാള്‍ നടന്നു...

നടന്നു പോന്ന വഴികളിലെ

കറുപ്പും വെളുപ്പുമാര്‍ന്ന

മണ്ണ് അയാളുടെ

കീറിയ പുറം കുപ്പായത്തില്‍

പറ്റിയിരുന്നു....

കാറ്റു അയാളെ

വിടാതെ പിന്തുടരുകയായിരുന്നു..

തെരുവ്

ശുന്യമായിരുന്നു.

ഇടയ്ക്കെങ്ങു നിന്നോ കേട്ട

തെരുവ് നായ്ക്കളുടെ ശബ്ദം

അയാളെ അലോസരപ്പെടുത്തിയില്ല..

നിഗൂഡമായ ഒരു കൌതുകത്തോടെ

അയാള്‍ ആ ശബ്ദം

അനുകരിച്ചു..

പാതിയില്‍ അത് തൊണ്ടയില്‍

കുരുങ്ങിയെങ്ങിലും,

അയാള്‍ സന്തുഷ്ടനായിരുന്നു...

ഇരു വശങ്ങളിലും

നീല ചുമരുകള്‍

അവസാനമില്ലാതെ നീണ്ടപ്പോള്‍

അയാള്‍ അസ്വസ്ഥനായി...

ഓര്‍മ്മയുടെ അങ്ങേയറ്റം

പരതിയിട്ടും

ഇളം ചാര നിറമാര്‍ന്ന

നിഴലുകള്‍ അല്ലാതെ

മറ്റൊന്നും കണ്ടെത്താന്‍

അയാള്‍ക്ക്‌ കഴിഞ്ഞില്ല...

ഒടുവില്‍ ആകാശം ഇരുളുകയും

വെളിച്ചം മങ്ങുകയും

ചെയ്തപ്പോള്‍

അയാള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി..

പിന്നെ,

ഒരുള്‍പ്രേരണയില്‍

അയാള്‍ പിന്തിരിഞ്ഞപ്പോള്‍

നീല ചുവരുകള്‍

അപ്രത്യക്ഷമായിരുന്നു.

പകരം,

പരിചിതമായ ഒരു

താഴ്വര

അയാള്‍ക്ക്‌ മുന്നില്‍

പരന്നു കിടന്നു...

ദൂരെ,

ഗ്രാമത്തിലെ ചിമ്മിനികളില്‍ നിന്നും

പുക ഉയരുന്നത്

കാണാമായിരുന്നു..

പുതിയൊരു ഉത്സാത്തോടെ

അയാള്‍ നടന്നു തുടങ്ങി...

അയാള്‍

സ്വന്തം ഗ്രാമത്തിലേയ്ക്ക്

മടങ്ങുന്ന പരദേശി ആയിരുന്നു..

Thursday, July 3, 2008

വസന്തത്തിനു ശേഷം മഞ്ഞു പെയ്യുമ്പോള്‍
പിന്നെ
മഞ്ഞു വീഴുന്ന
താഴ്വാര വീഥിയില്‍
ഞാന്‍ നിന്നു
തണുത്ത ഒരു
നെടുവീര്‍പ്പ് പോലെ
കാറ്റു വീശുന്നുണ്ടായിരുന്നു
വസന്തം
കടന്നു പോയത്
ഇന്നലെയാണ്
വഴിയോരത്ത്
ഇനിയും വാടാത്ത
പൂക്കള്‍ കിടപ്പുണ്ടായിരുന്നു
ഹൃദയത്തില്‍
ഒരു കനല്‍ ജ്വലിപ്പിച്ചു
അതിന്റെ ചൂടില്‍
ഞാന്‍
കൈകള്‍ ചേര്‍ത്ത് വച്ചു
ഇളം വയലറ്റ് നിറത്തില്‍
വീണു കിടന്ന
കോളാമ്പി പൂക്കളില്‍ നിന്നും
ഇന്നലെയുടെ സുഗന്ധം
നനഞ്ഞു പടരുന്നുണ്ടായിരുന്നു
മഞ്ഞു
സ്വര്‍ഗത്തില്‍ നിന്നു
എന്നത് പോലെ
ധവളിമയാര്‍ന്നു പൊഴിഞ്ഞു കൊണ്ടിരുന്നു
ഭൂമി
വിഷാദ സ്മൃതികളുടെ
കരിമ്പടം പുതയ്ക്കാന്‍
തുടങ്ങുകയായിരുന്നു
സ്നിഗ്ദ്ധതയില്‍
സൂര്യന്റെ
ഓറഞ്ച് കിരണങ്ങള്‍
വീണപ്പോള്‍..
മഞ്ഞില്‍ പുതഞ്ഞ
നിന്റെ കാല്‍പ്പാടു തേടി
ഞാന്‍ നടന്നു തുടങ്ങി..

Wednesday, July 2, 2008

പഴയ കുറിപ്പുകള്‍

വാക്ക്
ഇനിയുമൊരു വാക്കുണ്ട് ,
പറയുവാന്‍, പറയാതെ അറിയുവാന്‍...
നിണം എന്നും, നിറമെന്നും
നിളയുടെ വഴിയെന്നും
ഒരുപാടു ഒരുപാടു അര്‍ഥങ്ങള്‍
പേറുന്ന ഒരു വാക്ക്

ഇനിയുമൊരു വാക്കുണ്ട് കേള്‍ക്കുവാന്‍
അന്തരംഗത്തില്‍ മുഴങ്ങുവാന്‍
അല പോലെ, കടല്‍ പോലെ
ദലമര്‍മ്മരം പോലെ ഒരു വാക്ക്

അത് ഞാന്‍ പറയാതെ അറിയും നീ,
നിന്‍ ആത്മാവില്‍ വിടരുന്ന, കൊഴിയുന്ന
പൂക്കള്‍ തന്‍ ഗന്ധം ഓരോ അണുവിലും
പേറുന്ന ഒരു വാക്ക്...
എഴുതുന്നതിന്നും എഴുതാ പദങ്ങള്‍ക്കും
ഹൃദയത്തിലെഴുതിയ
കവനങ്ങള്‍ക്ക് ഒക്കെയും
അടിക്കുറിപ്പായി അവസാനം
ഒരു വാക്ക്..
അത് പറയേണ്ടതല്ല,
പറയാവതും അല്ല, നാം
നട കൊള്ളവേ ഇളം
കാറ്റില്‍ അലിഞ്ഞു പിന്‍
വഴികളില്‍ വീഴേണ്ട
മൌനങ്ങള്‍ അത്രേ...

എഴുതേണ്ടത് അല്ല അതിന്‍
അക്ഷരങ്ങള്‍, ഞാന്‍ അറിവീല നാം-
ഒരുപാടു ദൂരം കൈ കോര്‍ത്ത്‌
നടക്കെണ്ടോര്‍
നേര്‍ക്ക്‌ തിരിയാതെ തന്നെ
തിരിവ് കാണുന്നോര്‍...
പിരിയുമ്പോള്‍ പറയുന്ന
വാക്കാണ്‌, അതിന്‍ അര്‍ഥം
എനിക്ക് അറിവില്ല...അറിവില്ല..