Wednesday, December 2, 2009

ഭോപ്പാല്‍

ഭോപ്പാല്‍; നിനക്കില്ല മരണം
കറുത്ത ഭീതിയുടെ രാത്രികളില്‍
ഇളമുറക്കാരില്ലാത്ത ദുര്‍മന്ത്രവാദിയായ്
നീ നരകിച്ചു കൊള്ളുക.

പുഴുവരിക്കും മനുഷ്യ പുറ്റുകളില്‍,
ദ്രവിച്ചു; മനം പുരട്ടുന്ന ഗന്ധം
പടരും ജുഗ്ഗികളില്‍
കടുത്ത പാപബോധത്തോടെ
നീ കണ്ണയക്കുക.

ഭോപ്പാല്‍; നിനക്കില്ല മനശാന്തി,
നര്‍മദാ തീരത്ത് കുമിഞ്ഞ
ശവങ്ങള്‍ തന്‍
നിത്യ ദുര്‍ഗന്ധം
നിന്റെ ഓര്‍മകളില്‍ പടരട്ടെ.

ഓഷന്ഗബാദിലെ ശവപ്പറമ്പ്
നിനക്കായി ദാഹിക്കട്ടെ.
മരണം ശ്വസിച്ച രാത്രികള്‍
നിനക്ക് കാവല്‍ നില്‍ക്കട്ടെ.

അമ്മ മുലകളില്‍
ക്ലോറോഫോം ചുരക്കുന്നു;
കണ്ണും മൂക്കുമില്ലാതെ പിറക്കുന്ന
സ്വപ്‌നങ്ങള്‍ അച്ഛനെ വിഴുങ്ങുന്നു.

സിരകളില്‍ ഭ്രാന്ത് നുരയുന്ന,
സൂചികളില്ലാത്ത മനോ ഘടികാരങ്ങള്‍
പേറി അലഞ്ഞു നടക്കുന്ന
നിന്റെ മക്കളെ കണ്ടു
നീ കരയുക

ഭോപ്പാല്‍
നിനക്കായ് പൊഴിക്കുന്നു ഞാന്‍
അഗ്നി നിറമുള്ള
ഒരു തുള്ളി കണ്ണീര്‍.

* ഭോപ്പാല്‍ ദുരന്തത്തിന് ഇരുപത്തഞ്ചു വയസ്

Tuesday, August 18, 2009

കുന്നിന്‍ മുകളിലെ മേഘങ്ങള്‍

നരച്ച ആകാശത്തിന്‍ കീഴെ
ഞാന്‍ തനിച്ചാണ്.
എന്നോടൊപ്പം കുന്നു കയറാന്‍ പുറപ്പെട്ടവരൊക്കെ
പാതി വഴിയില്‍ തിരിച്ചു പോയി.

ഇവിടെ, ഈ ഉണങ്ങിയ പുല്‍ക്കൊടികള്‍ മാത്രം;
പിന്നെ, കയ്യെത്തുന്ന ദൂരത്തു
കുറെ നരച്ച മേഘങ്ങളും.

ആകാശത്തിന്റെ ഒരു കോണില്‍ മലര്‍ന്നു കിടന്നു
ഞാന്‍ കണ്ണുകളെ ബഹുദൂരത്തെയ്ക്ക് പറഞ്ഞു വിട്ടു.

ചാര നിറമുള്ള മേഖങ്ങള്‍ ശാന്തമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
എനിക്ക് എന്തോ, ചിരി
ക്കാന്‍ കഴിഞ്ഞില്ല.

ആകാശത്തിന്റെ അതിരുകളില്‍ നിന്നു
അവര്‍ എന്റെ ഹൃദയത്തിന്റെ മുകളിലായി ഉരുണ്ടു കൂടി.

പിന്നെ മുഖം കറുപ്പിച്ചു; എന്തിനാണെന്ന് എനിക്കറിയില്ല.
കോപത്തിന്റെയോ, സങ്കടത്തിന്റെയോ ചാലുകള്‍
പ്രവഹിച്ചു; ഞാന്‍ നനഞ്ഞു.

എന്റെ വര്‍ണങ്ങളും വരകളുമെല്ലാം ഒലിച്ചു പോയി.

ഇതുവരെ ചിരിയിലും, ചില കോമാളി വേഷങ്ങളിലുമൊക്കെ
എന്നെത്തന്നെ അണിയിച്ച ഞാന്‍
അപ്രതീക്ഷിതമായ പെയ്ത്തില്‍നഷ്ടപ്പെട്ട ആ മുഖം മൂടിക്കായി
പരക്കം പാഞ്ഞു.


പിന്നെ, തെളിഞ്ഞ മഴവെള്ളത്തില്‍ പ്രതിഫലിച്ച
എന്റെ മുഖം കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.

കുന്നിറങ്ങുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നു;
എങ്കിലും, ഒലിച്ചു പോയ ആ മുഖം മൂടിയുടെ ഭാരക്കുറവ്
എന്നെ സന്തുഷ്ടനാക്കി.

മഴ കഴിഞ്ഞു തെളിഞ്ഞ വെയിലില്‍
പുതിയ നിറങ്ങള്‍ പടരുന്ന താഴ്വര ദൂരെ
എനിക്ക് കാണാമായിരുന്നു.

വിറയ്ക്കുന്ന കാലുകള്‍ നീട്ടി വച്ചു ഞാന്‍ നടന്നു.

ഒരു പക്ഷെ,
മഴവെള്ളം ഒഴുകുന്ന ചാലുകള്‍ക്കരികെ
എന്റെ പഴയ കൂട്ടുകാരുണ്ടാവും.

Sunday, March 15, 2009

ഇഷ്ടങ്ങള്‍

പാതിയില്‍ മുറിഞ്ഞ ഒരു സ്വപ്നത്തിന്റെ
കാണാപ്പകുതിയെ സങ്കല്‍പ്പിക്കുന്നത്
എനിക്കിഷ്ടമാണ്

വഴികളുടെ ആധിക്യത്തില്‍
കുഴങ്ങി നില്‍ക്കുന്നതും,
കളഞ്ഞു പോയ എന്റെ പഴയ കളിക്കോപ്പുകള്‍ തേടി
ഒരു നാടോടിയെപ്പോലെ അലഞ്ഞു നടക്കുന്നതും,
മഴ നനയുന്നതും,
നനഞ്ഞ ചതുപ്പിലൂടെ പുതഞ്ഞു ഓടുന്നതുംAlign Center
എനിക്കിഷ്ടമാണ്.

വേനലില്‍ കരിഞ്ഞ മലമേടുകളിലൂടെ,
കാട്ടുതീ ഒരു ഭ്രാന്തിയെപ്പോലെ ഓടുന്നത് കാണാന്‍
എനിക്കിഷ്ടമാണ്.

വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങള്‍ ഇട്ടെറിഞ്ഞു
സമാധാനം തേടി മനുഷ്യര്‍
വെട്ടിയെറിഞ്ഞ മരങ്ങളുടെ ചുവടു തേടുന്നത്‌ കാണാന്‍
എനിക്കിഷ്ടമാണ്.

എനിക്കിഷ്ടമാണ് എല്ലാം.

ഇരുളിന്റെ അതിരുകള്‍ക്കുള്ളില്‍ പതുങ്ങുന്ന നിഴലുകള്‍
പ്രകാശ രശ്മികളില്‍ വിളറുന്നതും,
ചൈതന്യത്തിന്റെ കണ്ണുകള്‍ക്ക്‌ താഴെ
കറുപ്പ് വീഴുന്നതും,
കഴുത്ത് ഞെക്കി കൊന്ന പാട്ടിന്റെ ഈണം കാതോര്‍ത്തു,
സംഗീതജ്ഞര്‍ വീര്‍പ്പു മുട്ടുന്നതും,
ഒക്കെ എനിക്കിഷ്ടമാണ്.

രാത്രി വളരെച്ചെന്നാലും,
ഞരങ്ങുന്ന ഫാനിന്റെ ചുവട്ടില്‍
തിരിഞ്ഞും മറിഞ്ഞും
ചിന്തകള്‍ വേവിക്കുന്ന സാധു ജീവികളെ
എനിക്കിഷ്ടമാണ്.

എന്റെ ഇഷ്ടങ്ങള്‍ നീണ്ടു പോകും-
നിമ്നോന്നതങ്ങളായ ചെരിവുകളിലൂടെ,
ഒഴിഞ്ഞു പോയ ശരത്കാലങ്ങളിലൂടെ,
വെയില്‍ വീഴാത്ത വന വീഥികളിലൂടെ,
കിളിക്കൂടുകളിലൂടെ,
ചാണകം മണക്കുന്ന നാട്ടുവഴികളിലൂടെ,
നിഷ്കളങ്കരായ മനുഷ്യര്‍ അവശേഷിക്കുന്ന
തെരുവുകളിലൂടെ അവ ചിതറിക്കിടക്കും.

പെറുക്കി എടുക്കില്ല ഞാന്‍.

അവ അങ്ങനെ ഞെരിഞ്ഞു കിടക്കുന്നതും
എനിക്കിഷ്ടമാണ്.