നരച്ച ആകാശത്തിന്‍ കീഴെ
ഞാന്‍ തനിച്ചാണ്.
എന്നോടൊപ്പം കുന്നു കയറാന്‍ പുറപ്പെട്ടവരൊക്കെ
പാതി വഴിയില്‍ തിരിച്ചു പോയി.
ഇവിടെ, ഈ ഉണങ്ങിയ പുല്‍ക്കൊടികള്‍ മാത്രം;
പിന്നെ, കയ്യെത്തുന്ന ദൂരത്തു
കുറെ നരച്ച മേഘങ്ങളും.
ആകാശത്തിന്റെ ഒരു കോണില്‍ മലര്‍ന്നു കിടന്നു
ഞാന്‍ കണ്ണുകളെ ബഹുദൂരത്തെയ്ക്ക് പറഞ്ഞു വിട്ടു.
ചാര നിറമുള്ള മേഖങ്ങള്‍ ശാന്തമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
എനിക്ക് എന്തോ, ചിരിക്കാന്‍ കഴിഞ്ഞില്ല.
ആകാശത്തിന്റെ അതിരുകളില്‍ നിന്നു
അവര്‍ എന്റെ ഹൃദയത്തിന്റെ മുകളിലായി ഉരുണ്ടു കൂടി.
പിന്നെ മുഖം കറുപ്പിച്ചു; എന്തിനാണെന്ന് എനിക്കറിയില്ല.
കോപത്തിന്റെയോ, സങ്കടത്തിന്റെയോ ചാലുകള്‍
പ്രവഹിച്ചു; ഞാന്‍ നനഞ്ഞു.
എന്റെ വര്‍ണങ്ങളും വരകളുമെല്ലാം ഒലിച്ചു പോയി.
ഇതുവരെ ചിരിയിലും, ചില കോമാളി വേഷങ്ങളിലുമൊക്കെ
എന്നെത്തന്നെ അണിയിച്ച ഞാന്‍
അപ്രതീക്ഷിതമായ പെയ്ത്തില്‍നഷ്ടപ്പെട്ട ആ മുഖം മൂടിക്കായി
പരക്കം പാഞ്ഞു.
പിന്നെ, തെളിഞ്ഞ മഴവെള്ളത്തില്‍ പ്രതിഫലിച്ച
എന്റെ മുഖം കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.
കുന്നിറങ്ങുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നു;
എങ്കിലും, ഒലിച്ചു പോയ ആ മുഖം മൂടിയുടെ ഭാരക്കുറവ്
എന്നെ സന്തുഷ്ടനാക്കി.
മഴ കഴിഞ്ഞു തെളിഞ്ഞ വെയിലില്‍
പുതിയ നിറങ്ങള്‍ പടരുന്ന താഴ്വര ദൂരെ
എനിക്ക് കാണാമായിരുന്നു.
വിറയ്ക്കുന്ന കാലുകള്‍ നീട്ടി വച്ചു ഞാന്‍ നടന്നു.
ഒരു പക്ഷെ,
മഴവെള്ളം ഒഴുകുന്ന ചാലുകള്‍ക്കരികെ
എന്റെ പഴയ കൂട്ടുകാരുണ്ടാവും.
Tuesday, August 18, 2009
Subscribe to:
Posts (Atom)