Wednesday, July 2, 2008

പഴയ കുറിപ്പുകള്‍

വാക്ക്
ഇനിയുമൊരു വാക്കുണ്ട് ,
പറയുവാന്‍, പറയാതെ അറിയുവാന്‍...
നിണം എന്നും, നിറമെന്നും
നിളയുടെ വഴിയെന്നും
ഒരുപാടു ഒരുപാടു അര്‍ഥങ്ങള്‍
പേറുന്ന ഒരു വാക്ക്

ഇനിയുമൊരു വാക്കുണ്ട് കേള്‍ക്കുവാന്‍
അന്തരംഗത്തില്‍ മുഴങ്ങുവാന്‍
അല പോലെ, കടല്‍ പോലെ
ദലമര്‍മ്മരം പോലെ ഒരു വാക്ക്

അത് ഞാന്‍ പറയാതെ അറിയും നീ,
നിന്‍ ആത്മാവില്‍ വിടരുന്ന, കൊഴിയുന്ന
പൂക്കള്‍ തന്‍ ഗന്ധം ഓരോ അണുവിലും
പേറുന്ന ഒരു വാക്ക്...
എഴുതുന്നതിന്നും എഴുതാ പദങ്ങള്‍ക്കും
ഹൃദയത്തിലെഴുതിയ
കവനങ്ങള്‍ക്ക് ഒക്കെയും
അടിക്കുറിപ്പായി അവസാനം
ഒരു വാക്ക്..
അത് പറയേണ്ടതല്ല,
പറയാവതും അല്ല, നാം
നട കൊള്ളവേ ഇളം
കാറ്റില്‍ അലിഞ്ഞു പിന്‍
വഴികളില്‍ വീഴേണ്ട
മൌനങ്ങള്‍ അത്രേ...

എഴുതേണ്ടത് അല്ല അതിന്‍
അക്ഷരങ്ങള്‍, ഞാന്‍ അറിവീല നാം-
ഒരുപാടു ദൂരം കൈ കോര്‍ത്ത്‌
നടക്കെണ്ടോര്‍
നേര്‍ക്ക്‌ തിരിയാതെ തന്നെ
തിരിവ് കാണുന്നോര്‍...
പിരിയുമ്പോള്‍ പറയുന്ന
വാക്കാണ്‌, അതിന്‍ അര്‍ഥം
എനിക്ക് അറിവില്ല...അറിവില്ല..

2 comments:

siva // ശിവ said...

എനിക്കുമുണ്ടൊരു വാക്ക് പറയുവാന്‍...ഈ കവിത ഇഷ്ടമായി.

ആ ചിത്രത്തിലെ സ്ഥലം ഏതാണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.

സസ്നേഹം,

ശിവ

കിഴക്കന്‍ said...

ശിവാ..
അത് എന്റെ നാടാണ്...
ഇടുക്കി ജില്ലയില്‍ വാഗമണ്‍...
തേയില തോട്ടങ്ങള്‍