Wednesday, July 30, 2008

ഊഞ്ഞാല്‍

പുളിമരത്തിന്റെ ചോട്ടിലെ

നനഞ്ഞു പതിഞ്ഞ

കരിയിലപ്പരപ്പില്‍ കിടന്നു

ഊഞ്ഞാല്‍ കിനാവ് കണ്ടു -

പിരിഞ്ഞു പോയ

കൂട്ടുകാരൊക്കെ മടങ്ങി വരുമെന്ന്.

വീണ്ടും ആയത്തില്‍

ഒന്നു കുതിക്കാന്‍

പിന്‍വാങ്ങലിന്റെ ആന്തലില്‍

തിമിര്‍ക്കാന്‍

ദ്രവിച്ചു തുടങ്ങിയ

ഇഴകള്‍ വെമ്പി.

കര്‍ക്കിടകത്തിന്റെ

അവസാന തുള്ളിയും

കരിയിലകള്‍ക്കുള്ളില്‍

ഊര്‍ന്നു പോയപ്പോള്‍

ഇനിയും മറക്കാത്ത

ആ കാലൊച്ച കാതോര്‍ത്തു

അത് കിടന്നു

വാശിക്കുട്ടിയുടെ നിലവിളിയുടെ

അവസാന എങ്ങലുകള്‍ പോലെ

കാറ്റും കാര്‍ മേഘങ്ങളും

കടന്നു പോയി.

വേലിച്ചെടികളില്‍

പുതിയ പൂക്കള്‍ പൊടിക്കുകയും

പുളിമരത്തിന്റെ പച്ചപ്പിലൂടെ

ചിങ്ങം അരിച്ച് എത്തുകയും ചെയ്തപ്പോള്‍

ഊഞ്ഞാല്‍

ഓര്‍മകളില്‍ യാത്ര പോയി.

പ്രതീക്ഷയുടെ യാമങ്ങളില്‍

എപ്പോളോ മുറ്റത്തെ മണല്‍

ഞെരിയുന്നതും,

കുട്ടികളുടെ കലപിലയും കേട്ടപ്പോള്‍

ഊഞ്ഞാലിന്

അതിന്റെ ഹൃദയം

പൊട്ടിപ്പോകുമെന്നു തോന്നി

പുലര്‍ച്ചെ,

രാമന്‍ കോടാലിയുമായി വന്നു.

പുളിമരത്തിന്റെ

വെട്ടി വീണ ചില്ലകള്‍ക്ക് അടിയില്‍

ഊഞ്ഞാല്‍ ചുരുണ്ടു കിടന്നു.

ശരിയാണ്..

എന്തിനാണ്

കണ്ണായ സ്ഥലത്തു ഒരു

കായ്ക്കാത്ത പുളിമരം?

5 comments:

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

smitha adharsh said...

എന്നാലും ആ പുളിമരം വെട്ടേണ്ടിയിരുന്നില്ല.കായ്ചില്ലെന്കിലും,ഊഞ്ഞാല്‍ ഇടാമായിരുന്നു.ചെറുപ്പത്തിലെ ഊഞ്ഞാലാട്ടം ഓര്ത്തു പോയി...നല്ല വരികള്‍..

akberbooks said...

നല്ല സൃഷ്ടികള്‍ ഞങ്ങള്‍ക്കും തരുമൊ?
സന്ദര്‍ശിക്കുക www.akberbooks.blogspot.com
akberbooks@gmail.com
mob:09846067301

Sapna Anu B.George said...

നല്ല വരികള്‍

girishvarma balussery... said...

ഇങ്ങനെ ബ്ലോഗു ഉണ്ടായിട്ടാണോ? കൊള്ളാം... പറഞ്ഞില്ലല്ലോ? ഊഞ്ഞാലിന്റെ ഈ ഗദ്ഗദം വായിച്ചപ്പോള്‍ ശരിക്കും വല്ലാതായി ... നല്ല വരികള്‍...