Wednesday, July 30, 2008

ഊഞ്ഞാല്‍

പുളിമരത്തിന്റെ ചോട്ടിലെ

നനഞ്ഞു പതിഞ്ഞ

കരിയിലപ്പരപ്പില്‍ കിടന്നു

ഊഞ്ഞാല്‍ കിനാവ് കണ്ടു -

പിരിഞ്ഞു പോയ

കൂട്ടുകാരൊക്കെ മടങ്ങി വരുമെന്ന്.

വീണ്ടും ആയത്തില്‍

ഒന്നു കുതിക്കാന്‍

പിന്‍വാങ്ങലിന്റെ ആന്തലില്‍

തിമിര്‍ക്കാന്‍

ദ്രവിച്ചു തുടങ്ങിയ

ഇഴകള്‍ വെമ്പി.

കര്‍ക്കിടകത്തിന്റെ

അവസാന തുള്ളിയും

കരിയിലകള്‍ക്കുള്ളില്‍

ഊര്‍ന്നു പോയപ്പോള്‍

ഇനിയും മറക്കാത്ത

ആ കാലൊച്ച കാതോര്‍ത്തു

അത് കിടന്നു

വാശിക്കുട്ടിയുടെ നിലവിളിയുടെ

അവസാന എങ്ങലുകള്‍ പോലെ

കാറ്റും കാര്‍ മേഘങ്ങളും

കടന്നു പോയി.

വേലിച്ചെടികളില്‍

പുതിയ പൂക്കള്‍ പൊടിക്കുകയും

പുളിമരത്തിന്റെ പച്ചപ്പിലൂടെ

ചിങ്ങം അരിച്ച് എത്തുകയും ചെയ്തപ്പോള്‍

ഊഞ്ഞാല്‍

ഓര്‍മകളില്‍ യാത്ര പോയി.

പ്രതീക്ഷയുടെ യാമങ്ങളില്‍

എപ്പോളോ മുറ്റത്തെ മണല്‍

ഞെരിയുന്നതും,

കുട്ടികളുടെ കലപിലയും കേട്ടപ്പോള്‍

ഊഞ്ഞാലിന്

അതിന്റെ ഹൃദയം

പൊട്ടിപ്പോകുമെന്നു തോന്നി

പുലര്‍ച്ചെ,

രാമന്‍ കോടാലിയുമായി വന്നു.

പുളിമരത്തിന്റെ

വെട്ടി വീണ ചില്ലകള്‍ക്ക് അടിയില്‍

ഊഞ്ഞാല്‍ ചുരുണ്ടു കിടന്നു.

ശരിയാണ്..

എന്തിനാണ്

കണ്ണായ സ്ഥലത്തു ഒരു

കായ്ക്കാത്ത പുളിമരം?

Sunday, July 27, 2008

സുഖം

നീളുന്ന വയല്‍വരമ്പിലൂടെ
ഒറ്റയ്ക്ക് നടക്കുന്നത്
സുഖം തന്നെ.
ഇളം കാറ്റില്‍ ഉലഞ്ഞു
ചക്രവാളത്തില്‍ അലിയും
കരിയിലക്കിളി ആകുന്നതും,
ആര്‍ക്കോ വെളിച്ചത്തിനായ്‌
എരിയുന്ന മെഴുക് തിരിയാകുന്നതും,
രാത്രി വയ്കിയും ഉറങ്ങാതെ
ചാറ്റമഴയോടൊപ്പം
പെയ്യുന്നതും-
സുഖം തന്നെ.

മുഖത്തിന്റെ ചൂടില്‍
ഉരുകാത്ത
ഈ മുഖം മൂടിയും,

ചെറു ചൂടാര്‍ന്നു
കവിളിലൂടെ ഉരുളുന്ന
ഈ മണികളും...
തൊണ്ടയില്‍ കൊരുത്ത
ഈണങ്ങളും...
മഞ്ഞിലൂടെ നടക്കുന്നതും
വഴിയില്‍
ഒരു പൂവ് പൊട്ടിക്കുന്നതും

തണ്ടിലെ മുള്ള് ഏറ്റു

വിരല്‍(ഹൃദയവും) മുറിയുന്നതും,

കൊടിയ ചൂടില്‍

പ്രതീക്ഷകള്‍ വിതയ്ക്കുന്നതും
കിതപ്പാറ്റി

ഒരു മാവിന്‍ തണലില്‍

കുയിലിനു കാതോര്‍ക്കുന്നതും,

ഏതോ ജാലകത്തിലൂടെ

പണ്ടു എന്‍ നേര്‍ക്ക് നീണ്ട

നോട്ടങ്ങളിലൂടെ യാത്ര പോകുന്നതും,

സ്വപ്നങ്ങളില്‍

ഹരിതാഭമായ കുന്നുകളിലൂടെ

അലഞ്ഞു നടക്കുന്നതും,

ഇല്ലായ്മയുടെ ശവങ്ങള്‍ ചവിട്ടി

തല ഉയര്‍ത്തുന്നതും,

വിഹായസ്സില്‍ ഒഴുകുന്നതും,

നിലയില്ലാ കയങ്ങളില്‍

താഴുന്നതും...

എല്ലാം

പുതിയ സുഖങ്ങള്‍ തന്നെ..

ദുഃഖം എന്താണെന്നു

എനിക്കറിയില്ല-

ഒരു പക്ഷെ,

എന്റെ കയ്യില്‍ നിന്നു

ഞാന്‍ അറിയാതെ

ചോര്‍ന്നു പോയ

ആ ഇത്തിരി ചൂടായിരിക്കാം.


Saturday, July 5, 2008

പരദേശി

ഇളം നീല നിറമുള്ള ചുവരുകള്‍

അയാളെ സംശയാലു ആക്കി..

അവയുടെ അതിരുകള്‍ക്കപ്പുറം

അദൃശ്യമായ ഒരു ലോകത്തിന്റെ

കഥകള്‍ മനസ്സില്‍ നെയ്തു

അയാള്‍ നടന്നു...

നടന്നു പോന്ന വഴികളിലെ

കറുപ്പും വെളുപ്പുമാര്‍ന്ന

മണ്ണ് അയാളുടെ

കീറിയ പുറം കുപ്പായത്തില്‍

പറ്റിയിരുന്നു....

കാറ്റു അയാളെ

വിടാതെ പിന്തുടരുകയായിരുന്നു..

തെരുവ്

ശുന്യമായിരുന്നു.

ഇടയ്ക്കെങ്ങു നിന്നോ കേട്ട

തെരുവ് നായ്ക്കളുടെ ശബ്ദം

അയാളെ അലോസരപ്പെടുത്തിയില്ല..

നിഗൂഡമായ ഒരു കൌതുകത്തോടെ

അയാള്‍ ആ ശബ്ദം

അനുകരിച്ചു..

പാതിയില്‍ അത് തൊണ്ടയില്‍

കുരുങ്ങിയെങ്ങിലും,

അയാള്‍ സന്തുഷ്ടനായിരുന്നു...

ഇരു വശങ്ങളിലും

നീല ചുമരുകള്‍

അവസാനമില്ലാതെ നീണ്ടപ്പോള്‍

അയാള്‍ അസ്വസ്ഥനായി...

ഓര്‍മ്മയുടെ അങ്ങേയറ്റം

പരതിയിട്ടും

ഇളം ചാര നിറമാര്‍ന്ന

നിഴലുകള്‍ അല്ലാതെ

മറ്റൊന്നും കണ്ടെത്താന്‍

അയാള്‍ക്ക്‌ കഴിഞ്ഞില്ല...

ഒടുവില്‍ ആകാശം ഇരുളുകയും

വെളിച്ചം മങ്ങുകയും

ചെയ്തപ്പോള്‍

അയാള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി..

പിന്നെ,

ഒരുള്‍പ്രേരണയില്‍

അയാള്‍ പിന്തിരിഞ്ഞപ്പോള്‍

നീല ചുവരുകള്‍

അപ്രത്യക്ഷമായിരുന്നു.

പകരം,

പരിചിതമായ ഒരു

താഴ്വര

അയാള്‍ക്ക്‌ മുന്നില്‍

പരന്നു കിടന്നു...

ദൂരെ,

ഗ്രാമത്തിലെ ചിമ്മിനികളില്‍ നിന്നും

പുക ഉയരുന്നത്

കാണാമായിരുന്നു..

പുതിയൊരു ഉത്സാത്തോടെ

അയാള്‍ നടന്നു തുടങ്ങി...

അയാള്‍

സ്വന്തം ഗ്രാമത്തിലേയ്ക്ക്

മടങ്ങുന്ന പരദേശി ആയിരുന്നു..

Thursday, July 3, 2008

വസന്തത്തിനു ശേഷം മഞ്ഞു പെയ്യുമ്പോള്‍
പിന്നെ
മഞ്ഞു വീഴുന്ന
താഴ്വാര വീഥിയില്‍
ഞാന്‍ നിന്നു
തണുത്ത ഒരു
നെടുവീര്‍പ്പ് പോലെ
കാറ്റു വീശുന്നുണ്ടായിരുന്നു
വസന്തം
കടന്നു പോയത്
ഇന്നലെയാണ്
വഴിയോരത്ത്
ഇനിയും വാടാത്ത
പൂക്കള്‍ കിടപ്പുണ്ടായിരുന്നു
ഹൃദയത്തില്‍
ഒരു കനല്‍ ജ്വലിപ്പിച്ചു
അതിന്റെ ചൂടില്‍
ഞാന്‍
കൈകള്‍ ചേര്‍ത്ത് വച്ചു
ഇളം വയലറ്റ് നിറത്തില്‍
വീണു കിടന്ന
കോളാമ്പി പൂക്കളില്‍ നിന്നും
ഇന്നലെയുടെ സുഗന്ധം
നനഞ്ഞു പടരുന്നുണ്ടായിരുന്നു
മഞ്ഞു
സ്വര്‍ഗത്തില്‍ നിന്നു
എന്നത് പോലെ
ധവളിമയാര്‍ന്നു പൊഴിഞ്ഞു കൊണ്ടിരുന്നു
ഭൂമി
വിഷാദ സ്മൃതികളുടെ
കരിമ്പടം പുതയ്ക്കാന്‍
തുടങ്ങുകയായിരുന്നു
സ്നിഗ്ദ്ധതയില്‍
സൂര്യന്റെ
ഓറഞ്ച് കിരണങ്ങള്‍
വീണപ്പോള്‍..
മഞ്ഞില്‍ പുതഞ്ഞ
നിന്റെ കാല്‍പ്പാടു തേടി
ഞാന്‍ നടന്നു തുടങ്ങി..

Wednesday, July 2, 2008

പഴയ കുറിപ്പുകള്‍

വാക്ക്
ഇനിയുമൊരു വാക്കുണ്ട് ,
പറയുവാന്‍, പറയാതെ അറിയുവാന്‍...
നിണം എന്നും, നിറമെന്നും
നിളയുടെ വഴിയെന്നും
ഒരുപാടു ഒരുപാടു അര്‍ഥങ്ങള്‍
പേറുന്ന ഒരു വാക്ക്

ഇനിയുമൊരു വാക്കുണ്ട് കേള്‍ക്കുവാന്‍
അന്തരംഗത്തില്‍ മുഴങ്ങുവാന്‍
അല പോലെ, കടല്‍ പോലെ
ദലമര്‍മ്മരം പോലെ ഒരു വാക്ക്

അത് ഞാന്‍ പറയാതെ അറിയും നീ,
നിന്‍ ആത്മാവില്‍ വിടരുന്ന, കൊഴിയുന്ന
പൂക്കള്‍ തന്‍ ഗന്ധം ഓരോ അണുവിലും
പേറുന്ന ഒരു വാക്ക്...
എഴുതുന്നതിന്നും എഴുതാ പദങ്ങള്‍ക്കും
ഹൃദയത്തിലെഴുതിയ
കവനങ്ങള്‍ക്ക് ഒക്കെയും
അടിക്കുറിപ്പായി അവസാനം
ഒരു വാക്ക്..
അത് പറയേണ്ടതല്ല,
പറയാവതും അല്ല, നാം
നട കൊള്ളവേ ഇളം
കാറ്റില്‍ അലിഞ്ഞു പിന്‍
വഴികളില്‍ വീഴേണ്ട
മൌനങ്ങള്‍ അത്രേ...

എഴുതേണ്ടത് അല്ല അതിന്‍
അക്ഷരങ്ങള്‍, ഞാന്‍ അറിവീല നാം-
ഒരുപാടു ദൂരം കൈ കോര്‍ത്ത്‌
നടക്കെണ്ടോര്‍
നേര്‍ക്ക്‌ തിരിയാതെ തന്നെ
തിരിവ് കാണുന്നോര്‍...
പിരിയുമ്പോള്‍ പറയുന്ന
വാക്കാണ്‌, അതിന്‍ അര്‍ഥം
എനിക്ക് അറിവില്ല...അറിവില്ല..